08 May, 2025 03:10:06 PM


കടയുടമയുടെ സുഹൃത്താണെന്ന് പറഞ്ഞ് എത്തിയയാൾ ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടി



റാന്നി: വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി. റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്. ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച്‌ വന്നയാളാണ് സൂത്രത്തില്‍ പണം കൈക്കലാക്കിയത്.

കടയുടമ ഇല്ലായെന്ന് പറഞ്ഞതോടെ സുഹൃത്താണെന്ന ഭാവത്തില്‍ വന്നയാള്‍ മുതലാളിയെ വിളിക്കാമെന്ന് ജീവനക്കാരിയോട് പറഞ്ഞ ശേഷം ഫോണില്‍ ആരെയോ വിളിക്കുകയും 5300 രൂപ തനിക്ക് വേണ്ടി ഒരാള്‍ ഇവിടെ എല്‍പ്പിക്കുമെന്നും തനിക്ക് പോകാൻ ധൃതിയുള്ളത് കൊണ്ട് ഇവിടെയുള്ള പണം തരണമെന്നും ഫോണില്‍ കൂടി പറയുന്നുണ്ട്. 

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ 'മോളെ, ഇവിടെ എത്രയാ ക്യാഷായിട്ടുള്ളതെന്ന്' ചോദിക്കുന്നുണ്ട്. 5000 രൂപയേയുള്ളൂ എന്നു പറഞ്ഞപ്പോള്‍ 5300 ഉണ്ടോയെന്ന് നോക്കിയേ എന്ന് ഫോണ്‍ ചെവിയില്‍ നിന്ന് വെക്കാതെ തന്നെ ചോദിച്ചു. ചില്ലറയുള്‍പ്പെടെ പറഞ്ഞ തുക ജീവനക്കാരി വന്നയാള്‍ക്ക് എടുത്തു നല്‍കി. കടയുടമായെയാണ് ഫോണില്‍ ബന്ധപ്പെട്ടതെന്ന് തെറ്റിദ്ധരിച്ചാണ് ജീവനക്കാരി പണം നല്‍കിയത്. പിന്നീടാണ് നടന്നത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. കടയിലെ സി.സി.ടി.വിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. റാന്നി പൊലീസില്‍ പരാതി നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K