07 May, 2025 08:02:16 PM
കോഴിക്കോട് കോടഞ്ചേരി വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി റഹിസ് സഹിഷാദ് (21) ആണ് മരിച്ചത്. വിനോദ സംഞ്ചാരത്തിനെത്തിയ പത്തംഗ സംഘത്തിൽപ്പെട്ട ആളായിരുന്നു റഹീസ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം.
അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയിൽ നിന്ന് കോഴിക്കോട് വെള്ളച്ചാട്ടത്തിൽ എത്തിയത്. ഇവിടെ വെച്ച് റഹീസ് അപകടത്തിൽപ്പെടുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ റഹീസിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. റഹീസിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.