07 May, 2025 07:54:10 PM


പാക് ഷെല്ലാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്



ന്യൂഡല്‍ഹി: കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായാതായി റിപ്പോര്‍ട്ട്. നാലുകുട്ടികള്‍ ഉള്‍പ്പടെ 15 പേര്‍ കൊല്ലപ്പെട്ടതായും 57 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ നടന്ന ഷെല്‍ ആക്രമണത്തിലാണ് 12പേര്‍ കൊല്ലപ്പെട്ടത്.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് തൊട്ടുപിന്നാലെയാണ് പാകിസഥാന്‍ ഷെല്ലാക്രമണം ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം ഷെല്ലാക്രമണത്തിന് ഉചിതമായ രീതിയില്‍ മറുപടി നല്‍കുന്നുണ്ടെന്നും, നിരവധി പാക് സൈനികര്‍ക്ക ജീവന്‍ നഷ്ടപ്പെട്ടതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുഞ്ച്, രജൗരി ജില്ലയിലെ ഉറി, കര്‍ണ്ണ, തങ്ധര്‍ മേഖലകളിലും പാകിസ്ഥാന്റെ ഷെല്‍ ആക്രമണം ഉണ്ടായി. അതിര്‍ത്തി പ്രദേശങ്ങളില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഷെല്ലാക്രമണം ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു.

പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് പൂഞ്ച് ജില്ലയിലാണ്. ഇവിടെ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. 42 പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുണ്ടായ ഷെല്ലാക്രമണത്തില്‍ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു, രജൗരി ജില്ലയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു, കുപ് വാര ജില്ലയിലെ കര്‍ണാ സെക്ടറില്‍ ഷെല്ലാക്രമണത്തില്‍ നിരവധി വീടുകള്‍ നശിച്ചു. ഉച്ചവരെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഷെല്ലാക്രമണം ശക്തമായിരുന്നു, പിന്നീട് ഇടയ്ക്കിടെ തുടര്‍ന്നുതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിരായുധരായ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത് നീതിയല്ല, പാകിസ്ഥാന്റെ പ്രവൃത്തി ഭീരുത്വം നിറഞ്ഞതാണെന്ന് സ്ഥിതിഗതികള്‍ നിയന്ത്രിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുഞ്ചിലെ പൂരാതനമായ അമ്പലങ്ങളും കോട്ടയും ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. വന്‍ തോതില്‍ നാശനഷ്ടമുണ്ടായതായി ഷെല്ലാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പ്രദേശവാസി മുഹമ്മദ് സാഹിദ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. 150ലേറെ പേര്‍ മാറിത്താമസിച്ചതായും പുലര്‍ച്ചെ ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും സാഹിദ് പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K