29 April, 2025 06:07:43 PM
ഇന്നു നേടാനുള്ള നേട്ടങ്ങൾ ഇന്നുതന്നെ നേടണം- മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം: കാലാനുസൃതമായ പുരോഗതി സംസ്ഥാനത്തിന് കൈവരുത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നേടേണ്ട പുരോഗതി ഇപ്പോൾ നേടിയില്ലെങ്കിൽ നാം പിന്നോട്ടുപോകും. നാടിന് മാറ്റങ്ങളുണ്ടാകുമ്പോൾ എതിർക്കുന്നവർ ഇവിടുത്തെ വികസനവും പുരോഗതിയുമാണ് തടയുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി കാലം ആരെയും കാത്തുനിൽക്കില്ലല്ലോ എന്നും ഓർമിപ്പിച്ചു.
2016-ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാരിന്റെ തുടർച്ചയായാണ് 2021-ലെ സർക്കാർ വന്നത്. അങ്ങനെ നോക്കിയാൽ എൽ.ഡി.എഫ് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുകയാണ്.ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഓരോ മേഖലയിലെയും നേട്ടങ്ങൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
സംസ്ഥാനത്തെ യുവജനങ്ങൾ ഐ.ടി. രംഗത്തെ വലിയ പുരോഗതി ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്താദ്യമായി ടെക്‌നോപാർക്ക് നമ്മളാണ് സ്ഥാപിച്ചതെങ്കിലും അതിനനുസരിച്ചുള്ള പുരോഗതി പിന്നീടുണ്ടായിട്ടില്ല എന്നാൽ ഈ സർക്കാർ വന്നശേഷം നല്ല പുരോഗതിയുണ്ടായി. 2016ൽ 640 കമ്പനികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 1106 കമ്പനികളായി. ഐ.ടി. മേഖലയിൽ 2016ൽ 78068 തൊഴിലവസരങ്ങളുണ്ടായിരുന്നത് നിലവിൽ 1,48,000 ആയി. മൊത്തം ഐ.ടി. കയറ്റുമതി 34,123 കോടി രൂപയിൽ നിന്ന് ഇപ്പോൾ 90000 കോടി രൂപയായി. സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ടു വലിയ പുരോഗതിയാണുണ്ടായത്. സ്റ്റാർട്ടപ്പുകളുടെ പറുദീസയായാണ് കേരളത്തെ ദേശീയതലത്തിലും രാജ്യാന്തരതലത്തിലും വിശേഷിപ്പിക്കുന്നത്. 2016-ൽ 640 സ്റ്റ്ാർട്ടപ്പുകളുണ്ടായിരുന്നത് നിലവിൽ 6300 ആയി വർധിച്ചു. 5800 കോടി രൂപയാണ് സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം. 2026 ആകുമ്പോൾ 15000 സ്റ്റാർട്ടപ്പുകളാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം. സ്റ്റാർട്ടപ്പ് മേഖലയിലൂടെ ഒരു ലക്ഷത്തിലേറെ തൊഴിലുകൾ സൃഷ്ടിക്കും. കേരളം ഈ കാലയളവിൽ രാജ്യത്തിനു തന്നെ മാതൃകയാകുന്ന ഒട്ടേറെ സംരംഭങ്ങൾ സൃഷ്ടിച്ചു.
ആധുനിക വിജ്ഞാനോത്പാദനത്തിന്റെ കേന്ദ്രമായി കേരളം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.ഐ.ആർ.എഫിന്റെ പട്ടികയിൽ രാജ്യത്തെ ആദ്യത്തെ ഒരു ഡസൻ സർവകലാശാലകളിൽ മൂന്നെണ്ണം കേരളത്തിലേതാണ്. 2016-ൽ 12 ശതമാനമായിരുന്ന വ്യാവസായിക വളർച്ച ഇപ്പോൾ 17 ശതമാനമായി ഉയർന്നു. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ നിയമങ്ങളിലും ചട്ടങ്ങളിലും ചില ഭേദഗതികൾ വരുത്തി. ഇപ്പോൾ വ്യവസായങ്ങൾ കഴിയുന്നത്ര വേഗം തുടങ്ങാൻ കഴിയുന്ന അവസ്ഥയുണ്ട്.
ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പൊതുവിതരണ രംഗം ശക്തിപ്പെടുത്തിയതിലൂടെയാണീ നേട്ടം കൈവരിക്കാനായത്. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. ക്രമസമാധാന നിലയും ഭദ്രമാണ്. ലൈഫ് മിഷൻ പദ്ധതിയിലൂടെ നാലര ലക്ഷം വീടുകളാണ് പൂർത്തിയാക്കിയത്. അര ലക്ഷം വീടുകൾകൂടി ഉടൻ പൂർത്തിയാകും. വരുന്ന നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ പോവുകയാണ്.
അതിദാരിദ്രരുടെ എണ്ണത്തിൽ 78 ശതമാനം കുറവുവരുത്താൻ സംസ്ഥാനത്തിനായിട്ടുണ്ട്. അർഹമായ വിഹിതം കേന്ദ്രസർക്കാർ തടയുമ്പോഴും ഇതിനെല്ലാം തുണയായത് സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽ ഉണ്ടായ വലിയ വളർച്ചയാണ്. 2016ൽ 26 ശതമാനമായിരുന്ന തനതുവരുമാനം നിലവിൽ 70 ശതമാനമായി വളർന്നു. തനതുവരുമാനത്തിൽ മൂന്നുവർഷം കൊണ്ട് 47000 കോടി രൂപയുടെ വളർച്ചയാണുണ്ടായത്. നാടും ജനങ്ങളും നൽകിയ പിന്തുണയായതിന് തുണയായത്്. പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന വികസനത്തിനുമാത്രം അയ്യായിരം കോടി രൂപയാണ് ചെലവഴിച്ചത്. 2016-ൽ രണ്ടു ശതമാനം മാത്രമായിരുന്ന കാർഷികരംഗത്തെ വളർച്ചാനിരക്ക് ഇപ്പോൾ 4.6 ശതമാനമായി. ദുരന്തസമയത്തുപോലും അർഹതപ്പെട്ട സഹായം നൽകാത്ത നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഖാമുഖം പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവദിച്ചു. സദസ്സിൽനിന്നുന്നയിച്ച ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുഖ്യമന്ത്രി വിശദമായി മറുപടി പറഞ്ഞു. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പ്രതിനിധികൾ, ട്രേഡ് യൂണിയൻ-തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, അധ്യാപകർ, വ്യവസായികൾ, പ്രവാസികൾ, പ്രശസ്ത വ്യക്തികൾ, പൗരപ്രമുഖർ, സാമുദായിക നേതാക്കൾ, കർഷകത്തൊഴിലാളികൾ, കർഷകർ തുടങ്ങി വിവിധ മേഖലയിൽനിന്നുള്ളവർ മുഖാമുഖത്തിൽ പങ്കെടുത്തു.
സഹകരണം-തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പുമന്ത്രി പി. പ്രസാദ്, സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, ജോസ് കെ.മാണി എം.പി., എം.എൽ.എ. മാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ഗവൺമെന്റ് സെക്രട്ടറി എസ്. ഹരികിഷോർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.