28 April, 2025 07:11:00 PM


ബോധവല്‍ക്കരണ സന്ദേശത്തിലൂടെ വേറിട്ട അനുഭവമായി ഹരിതകര്‍മ സേനാ സംഗമം

 

കോട്ടയം : മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ചുക്കാന്‍ പിടിക്കുന്ന ഹരിതകര്‍മ സേനാംഗങ്ങളുടെ സംഗമം ബോധവല്‍ക്കരണ സന്ദേശത്തിലൂടെ വേറിട്ട അനുഭവമായി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്താണ് സേനാസംഗമവും ആദരിക്കല്‍ ചടങ്ങും നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാടിനെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഹരിതകര്‍മ സേനാംഗങ്ങളുടെ പങ്ക് വലുതാണെന്നും അവരുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അധ്യക്ഷത വഹിച്ചു.

മാലിന്യമുക്തത്തിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്നതരത്തിലുള്ള സന്ദേശങ്ങള്‍ നല്‍കിയായിരുന്നു സംഗമം. പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളാണ് മാലിന്യനിര്‍മാര്‍ജന ത്തിന്റ ആവശ്യകതയെ സ്‌കിറ്റ് രൂപത്തില്‍ അവതരിപ്പിച്ചത്. മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് ഹരിതകര്‍മ സേന നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും അധികവരുമാനനേട്ടങ്ങളും സംഗമത്തില്‍ ചര്‍ച്ച ചെയ്തു. കടുത്തുരുത്തി, പായിപ്പാട് ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി.

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വിവിധ വകുപ്പുകളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള പുരസ്‌കാരം കോട്ടയം മെഡിക്കല്‍ കോളേജും മികച്ച ഡിപ്പാര്‍ട്ട്‌മെന്റിനുള്ള പുരസ്‌കാരം ആരോഗ്യവകുപ്പും  ഏറ്റുവാങ്ങി. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം ലഭിച്ച ഉഴവൂര്‍ ബ്‌ളോക്ക് പഞ്ചായത്തിനെ ചടങ്ങില്‍ ആദരിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രാജു ചിറ്റേത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ ,ശുചിത്വമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ .പ്രിയ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. അനീസ്, മാലിന്യമുക്ത നവകേരളം  ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ടി. പി. ശ്രീശങ്കര്‍, കിലാ ഫെസിലിറ്റിറ്റേര്‍ ബിന്ദു അജി എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309