25 April, 2025 12:20:17 PM


താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യമില്ല



കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിദ്യാർത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായ സംഘര്‍മാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. 

സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താനായത്. മാർച്ച് 1ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947