24 April, 2025 05:37:33 PM
മികവിന്‍റെ കേന്ദ്രങ്ങള്‍ കാലോചിത മാറ്റത്തിലെ സുപ്രധാന ചുവടുവയ്പ്പ്- മന്ത്രി ഡോ. ആര്‍. ബിന്ദു

കോട്ടയം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ആരംഭിക്കുന്ന മികവിന്‍റെ കേന്ദ്രങ്ങള്‍ കാലോചിത മാറ്റങ്ങളുടെ വഴിയിലെ സുപ്രധാന ചുവടുവയ്പ്പാണെന്ന് വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന മികവിന്‍റെ കേന്ദ്രം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടെക്നോളജി ആന്‍റ് ഇന്നവേഷന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടമായി ആരംഭിക്കുന്ന ഏഴു കേന്ദ്രങ്ങളിലൊന്നാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലേത്. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ അതിവേഗ മാറ്റങ്ങള്‍ക്കൊത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെയും ചിട്ടപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. ഇത്തരം കൂടുതല്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കും.
ഗവേഷണ ആശയങ്ങളെ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന സംരംഭങ്ങളും ഉത്പന്നങ്ങളുമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന എം.ജി സര്‍വകലാശാലയിലെ കേന്ദ്രത്തിന് ഏറെ സാധ്യതകളുണ്ട്. വിജ്ഞാനത്തെ അടിസ്ഥാനമാക്കി സമൂഹത്തിന്‍റെ ജീവിത നിലവാരവും നാടിന്‍റെ സാന്പത്തിക അടിത്തറയും മെച്ചപ്പെടുത്തുക എന്ന കാഴ്ച്ചപ്പാടോടെയാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ അനുവദിച്ച മികവിന്‍റെ കേന്ദ്രങ്ങളിലൊന്ന് എം.ജി.സര്‍വകലാശാലയ്ക്ക് ലഭിച്ചത് അഭിമാനകരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കോട്ടയം ജില്ലയില്‍ കിഫ്ബി ഫണ്ട് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങളിലൊന്നാണ് എം.ജി സര്‍വകലാശാലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാഭാ ആണവ ഗവേഷണ കേന്ദ്രം മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന അഡ്വാന്‍സ്ഡ് നോളജ് ആന്‍റ് റൂറല്‍ ടെക്നോളജി ഇംപ്ലിമെന്‍റേഷന്‍ സെന്‍ററിന്‍റെ (അകൃതി) ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ് മുഖ്യപ്രഭാഷണണം നടത്തി.
വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, അഡ്വ. പി.ബി. സതീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് അമ്പലക്കുളം, സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ ഡോ.ബിസ്മി ഗോപാലകൃഷ്ണന്‍, ഡോ. ഇ.കെ. രാധാകൃഷ്ണന്‍, പഠന വകുപ്പ് മേധാവികള്‍, സംഘടനാ ഭാരാവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.