17 April, 2025 12:40:55 PM


ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടൻ ഷൈന്‍ ടോം ചാക്കോ; പരാതി നല്‍കി വിന്‍സി അലോഷ്യസ്



കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനാണ് പരാതി നല്‍കിയത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

'ഒരു നടന്‍ സിനിമാ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികള്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തത്' എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. വിന്‍സിയില്‍ നിന്നും എക്‌സൈസ് വകുപ്പ് വിവരങ്ങള്‍ തേടാന്‍ ഇരിക്കെയാണ് ആ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്നും പരാതി നല്‍കിയെന്നുമുള്ള വിവരം പുറത്തുവരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K