10 April, 2025 09:06:34 AM
പാതിവില തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിന്സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ രേഖകളെ കുറിച്ചാണ് ചോദിച്ചത്. ഡീന്‍ കുര്യാക്കോസ് എം.പിയുടേയും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെയും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെയും മൊഴി എടുക്കും.
തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് ലാലി വിന്‍സന്റ്. ആ കേസുമായി ബന്ധപ്പെട്ടും അനന്തു കൃഷ്ണനുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടുമാണ് മൊഴി രേഖപ്പെടുത്തിയത്. 46 ലക്ഷം രൂപ അനന്തു കൃഷ്ണനില്‍ നിന്ന് കൈപ്പറ്റിയെന്ന് ലാലി വിന്‍സന്റ് നേരത്തെ തന്നെ മാധ്യമങ്ങളോടടക്കം പറഞ്ഞിരുന്നു.
എന്നാല്‍ ഇത് വക്കീല്‍ ഫീസ് ഇനത്തില്‍ കൈപ്പറ്റിയെന്നാണ് ഇവര്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. ഈ മൊഴി ഇതുവരെ ക്രൈംബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഏതെങ്കിലും തരത്തില്‍ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആസൂത്രണത്തില്‍ പങ്കുണ്ടോ എന്ന തരത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ലാലി വിന്‍സെന്റിനെ മൂന്ന് തവണയോളം ചോദ്യം ചെയ്തിട്ടുണ്ട്. ഇടി കൂടുതല്‍ തവണ ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.
അനന്തു കൃഷ്ണന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന വാര്‍ത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പണം വാങ്ങിയ നേതാക്കളുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, അനന്തു കൃഷ്ണന്റെ സൊസൈറ്റിയിലേക്ക് പണം നല്‍കിയ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ മൊഴി രേഖപ്പെടുത്തും. അടുത്ത ഘട്ടത്തിലായിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് എം പി യും സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും ലക്ഷങ്ങള്‍ വാങ്ങിയെന്നായിരുന്നു മൊഴി. ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കുക.