07 April, 2025 04:38:32 PM


'അഫാനോട് ക്ഷമിക്കാൻ കഴിയില്ല', അവന്‍ ലോണ്‍ ആപ്പില്‍ നിന്ന് പണം കടമെടുത്തിരുന്നു- അഫാന്റെ ഉമ്മ



തിരുവനന്തപുരം: 25 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയായ അഫാന്റെ മാതാവ് ഷെമി. അഫാന്‍ ലോണ്‍ ആപ്പില്‍ നിന്ന് പണമെടത്തിരുന്നതായും എന്നാല്‍ വലിയ കടബാധ്യത ഉണ്ടായിരുന്നത് തനിക്കാണെന്നും ഷെമി പറഞ്ഞു. ദിവസവും 2000രൂപ വരെ ലോണ്‍ ആപ്പില്‍ അടയ്ക്കണമായിരുന്നു. കയ്യിലുള്ളതെല്ലാം അഫാന് കൊടുത്തെന്നും പണം ഇല്ലാതായപ്പോളാണ് കുഞ്ഞുമ്മയോട് ചോദിച്ചതെന്നും അഫാന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

'അഫാന്‍ ഫോണ്‍ ആപ്പ് വഴി പൈസ എടുത്തിരുന്നു. എത്രരൂപ എടുത്തിരുന്നുവെന്ന് ചോദിച്ചിരുന്നില്ല. ഫോണില്‍ ഗെയിം കളിക്കുമായിരുന്നു. അതിനിടയില്‍ അവര്‍ വിളിച്ച് പൈസ ചോദിച്ചിരുന്നു. ദിവസം 2000 രൂപ അടയ്ക്കണമായിരുന്നു. ഞാനാണ് പണം കൊടുത്തിരുന്നത്. എന്റെ കയ്യില്‍ ഇല്ലാതെ വന്നപ്പോള്‍ കുഞ്ഞുമ്മേടെ അടുത്ത് ചോദിച്ചിരുന്നു. അവര്‍ തന്നില്ല. ഏതൊക്കെ ലോണ്‍ ആപ്പില്‍ നിന്നാണ് പണം എടുത്തെന്നും എത്ര രൂപ എടുത്തെന്നും അറിയില്ല. ലോണ്‍ അടയ്ക്കാനായി ഭര്‍ത്താവ് പണം അയച്ചിരുന്നു. എന്നാല്‍ അത് കാര്‍ ലോണുകളും മറ്റ് അടയ്ക്കാനായി എടുത്തുപോയി'.

'അഫാന് പറയത്തക്ക കടം ഉണ്ടായിരുന്നില്ല. കയ്യിലുള്ളതെല്ലാം തീര്‍ന്നപ്പോള്‍ സംഭവദിവസം ബന്ധുക്കളുടെ അടുത്തുനിന്ന് പണം വാങ്ങാന്‍ താനും അഫാനും ഒപ്പമാണ് പോയത്. എന്നാല്‍ പണം കിട്ടിയില്ല. വീട്ടില്‍ തിരിച്ചെത്തിയശേഷം അഫാന്‍ എങ്ങോട്ടോ പോയി. തിരിച്ചെത്തിയ ശേഷം ഉമ്മച്ചി എനിക്ക് മാപ്പുതരണമെന്ന് പറഞ്ഞ ശേഷം കഴുത്തില്‍ ഷാള്‍ കുരുക്കി നിലത്തടിക്കുകയായിരുന്നു. 

കുടുംബം കൂട്ട ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ പറഞ്ഞതല്ലാതെ അങ്ങനെ ചെയ്തില്ല. വീട് വിറ്റ് കടം വീട്ടാം എന്നായിരുന്നു കരുതിയത്. വീട് വിറ്റാല്‍ തന്നെ ഒരു കോടിരൂപയോളം കിട്ടുമായിരുന്നു. ഫര്‍സാനയെ കല്യാണം കഴിക്കുന്നതിന് വീട്ടില്‍ ആരും എതിരുനിന്നിരുന്നില്ല'- ഷെമി പറഞ്ഞു.

'ബാങ്കില്‍ നിന്ന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. അവര്‍വന്ന് ഒപ്പിട്ട് കടലാസുകള്‍ വാങ്ങിക്കൊണ്ടുപോയിരുന്നു, കൊലപാതകങ്ങള്‍ നടന്നതിന്റെ തലേദിവസം അഫാനും ഞാനും കൂടി തട്ടത്തുമലയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തി രൂപ കടം ചോദിച്ചു. പണം നല്‍കാതിരുന്ന അവര്‍ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഏറെ കേണപേക്ഷിച്ചിട്ടും പണം നല്‍കിയില്ല. പിറ്റേ ദിവസം ഫോണ്‍ വിളിച്ചും പണം ചോദിച്ചു. അപ്പോഴും നിരസിച്ചു'- ഷെമി പറഞ്ഞു.

അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല. ഞങ്ങളുടെ കുടുംബവും ജീവിതവും തകർത്തു.എന്റെ പൊന്നു മോനെ കൊന്നവനാണെന്നും അവനോട് എങ്ങനെ ക്ഷമിക്കുമെന്നും മാതാവ് പറഞ്ഞു. അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു, വൈരാഗ്യം ഉള്ളതായി അറിയില്ല.
കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസ്സം നിന്നതിനാണ്. സൽമ ബീവിയോട് വലിയ സ്നേഹമായിരുന്നു. മാല പണയം വെയ്ക്കാൻ സൽമ ബീവിയോട് ചോദിച്ചിരുന്നു. എന്നാൽ നൽകില്ലെന്നു സൽമ ബീവി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K