30 March, 2025 06:05:15 PM


പാലക്കാട് മംഗലംഡാമില്‍ കാട്ടാന ആക്രമണം; തൊഴിലാളികള്‍ക്ക് പരിക്ക്



പാലക്കാട്: പാലക്കാട് മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഓടി മാറുന്നതിനിടയില്‍ നിലത്തേക്ക് വീണ പിങ്കിയെയും മുന്നുവിനേയും ആന ചവിട്ടി പരുക്കേല്‍പ്പിച്ചു. പിങ്കിക്ക് കാലിനും,മുന്നുവിന് കൈക്കുമാണ് പരുക്ക് പറ്റിയിരിക്കുന്നത്. ഒറ്റയാനാണ് ആക്രമണം നടത്തിയത് എന്ന് പരിക്കേറ്റ പിങ്കിയുടെ ഭര്‍ത്താവ് തിലേശ്വര്‍ പറഞ്ഞു.

അതേസമയം മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് കാട്ടാന എത്തിയത് ആശങ്ക പരത്തി. പുലര്‍ച്ചെ രണ്ടുമണിയോടെ നിലമ്പൂര്‍ ടൗണിന് പരിസരത്താണ് കാട്ടാന എത്തിയത്. ഈ മേഖലയിലെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്. എറണാകുളം കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931