24 March, 2025 08:05:11 PM


'വാർഷിക പരീക്ഷയുടെ അവസാന ദിനം സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷ പരിപാടി വേണ്ട'- വിദ്യാഭ്യാസ വകുപ്പ്



തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളികളില്‍ വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാ യോഗങ്ങളില്‍ ആണ് നിര്‍ദേശം. ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്‌കൂളികളിലെ അവസാന ദിനത്തില്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന നിലയിലുള്ള ആഘോഷപരിപാടികള്‍ പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചു.

സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്‌കൂള്‍ കൊമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം എന്നും മന്ത്രി നിര്‍ദേശിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനം,സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അവധിക്കാല അധ്യാപക പരിശീലനം, പാഠപുസ്തക വിതരണം എന്നിവയാണ് യോഗം പരിഗണിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, എല്ലാ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡി പി സി മാര്‍, കൈറ്റ് കോഡിനേറ്റര്‍മാര്‍, ജില്ലാ വിദ്യാകരണം കോഡിനേറ്റര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948