21 March, 2025 08:36:50 AM
കുറുപ്പംപടിയിൽ പെണ്‍കുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ; അമ്മയേയും പ്രതി ചേര്‍ക്കും

കൊച്ചി : എറണാകുളം കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതിചേർക്കും. പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പൊലീസിന് മൊഴി നൽകിയത്. അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ പകർപ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേർക്കുക. കുട്ടികളുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. ഇതിന് ശേഷമാണ് പെൺകുട്ടികളുടെ അമ്മ അയ്യമ്പുഴ സ്വദേശിയായ ധനേഷുമായി ബന്ധത്തിലാകുന്നത്. പെൺകുട്ടികളെ രണ്ട് വർഷത്തോളം ഇയാൾ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. പെൺകുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടികൾക്ക് സിഡബ്ല്യുസി കൗൺസിലിംഗ് നൽകും.
പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളാണ് രണ്ടു വർഷത്തോളം പീഡനത്തിനിരയായത്. പീഡനത്തിനിരയായ പന്ത്രണ്ടുവയസ്സുകാരി പഠിക്കുന്ന സ്കൂളിലെ അധ്യാപികയുടെ മകൾക്ക് ഇക്കാര്യം സൂചിപ്പിച്ച് എഴുതിയ കത്തിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.