20 March, 2025 12:12:53 PM


ഷാബാ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി; വിധി മറ്റന്നാൾ



മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. ബാക്കിയുള്ള പ്രതികളെ കോടതി വെറുടെ വിട്ടു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് കേസില്‍ കോടതി വിധി പറഞ്ഞത്.

ഷാബാ ഷെരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവരാനും കൊലപാതകത്തിനും കൂട്ടു നിന്ന പ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് നടക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്ത പുറം ലോകമറിയുന്നത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു.

ഒരു വര്‍ഷത്തിലധികം മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചു. 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K