17 March, 2025 10:48:48 AM
കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്; അനുരാജ് 16000 രൂപ ഗൂഗിൾ പേ വഴി നൽകിയെന്ന് മൊഴി

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് കണ്ടെത്തിയ കേസിൽ കഞ്ചാവ് വാങ്ങാനായി അനുരാജ് 16000 രൂപ ഗൂഗിൾ പേ വഴി കൈമാറിയെന്ന് പിടിയിലായ ഷാലിക്കിന്റെ മൊഴി. കഞ്ചാവ് വാങ്ങാൻ കുറച്ച് പണം നേരിട്ടും കൈമാറിയിരുന്നു. അനുരാജ് ഇനിയും പണം നൽകാനുണ്ടെന്ന് ഷാലിക്ക് മൊഴി നൽകി. അനുരാജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറ് മാസം ആയെന്നും ഷാലിക്ക് മൊഴി നൽകിയിട്ടുണ്ട്.
നിലവിൽ പൊലീസ് ഹോസ്റ്റലിൽ നിന്നും കണ്ടെത്തിയ രണ്ട് കിലോ അടക്കം നാല് കിലോ കഞ്ചാവ് അനുരാജിന് കൈമാറിയിട്ടുണ്ടെന്നാണ് ആഷിക്കും ഷാലിക്കും മൊഴി നൽകിയിരിക്കുന്നത്. ബാക്കിയുള്ള രണ്ട് കിലോ കഞ്ചാവിന് വേണ്ടിയും പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. നാല് പേരിൽ നിന്ന് മാത്രം പണം പിരിച്ചു എന്ന അനുരാജിന്റെ മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല. ഇന്നലെയായിരുന്നു കളമശ്ശേരി പോളി ടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജിനെ പൊലീസ് പിടികൂടിയത്.മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനുരാജിനെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയുടെ സാമ്പത്തിക ഇടപാട് ഉൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടാവാൻ സാധ്യതയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കളമശ്ശേരി പോളിടെക്‌നിക്കിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലർച്ചെ വരെ നീളുകയായിരുന്നു.