07 March, 2025 09:06:45 PM


'കല്യാണവീട്ടിൽ പ്ലാസ്റ്റിക് കുപ്പി വേണ്ട'; പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി



കൊച്ചി: വിവാഹ സത്കാര ചടങ്ങുകളില്‍ പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കര്‍ശന നടപടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്തെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദ്ദേശം.

അതേ സമയം, മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഹൈക്കോടതിയിൽ വിശദീകരണം നൽകി. നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് ആവശ്യമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് അധികാരവും നൽകി. സത്കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.

വിഷയുവുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ട്. ട്രാക്കുകള്‍ മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്. പൊതുസമൂഹത്തോടും നിയമ സംവിധാനത്തോടുമുള്ള ബാധ്യത പാലിക്കണം. ട്രാക്കുകളില്‍ മാലിന്യം തള്ളാന്‍ റെയില്‍വേ അനുവാദം നല്‍കരുത്. മാലിന്യം പൂര്‍ണ്ണമായും നീക്കണമെന്നും റെയില്‍വേയോട് ഹൈക്കോടതി നിർദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K