23 February, 2025 07:21:46 PM


കോഴിക്കോട് വീടിന്‍റെ ഓടിളക്കി മോഷണം: 25 പവൻ കവർന്നു



കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരിയില്‍ വീടിന്‍റെ ഓടിളക്കി 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നു. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയപ്പോഴാണ് സംഭവം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ ഓടിട്ട ചെറിയ വീട്ടിലാണ് വലിയ മോഷണം നടന്നത്. ഇന്നലെ രാത്രി എട്ടു മണിക്കും 10 മണിക്കും ഇടയിലായിരുന്നു സംഭവം. ഈ സമയം വീട്ടുകാര്‍ സമീപത്തു തന്നെയുള്ള ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തിന് പോയതായിരുന്നു.

തിരിച്ചു വന്നപ്പോഴാണ് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആളിറങ്ങാന്‍ പാകത്തില്‍ ഓടുകള്‍ മാറ്റിയ നിലയിലായിരുന്നു.  ഷെറീനയുടെ മകളുടെ 25 പവനോളം ആഭരണങ്ങളാണ് നഷ്ടമായത്. അലമാരയിലെ പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. സ്വര്‍ണ്ണമല്ലാതെ മറ്റു വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല.

ബന്ധുക്കളിലൊരാളെയാണ് വീട്ടകാര്‍ക്ക് സംശയം. ഇയാളുടെ പേരുള്‍പ്പെടെയാണ് മുക്കം പൊലീസില്‍ പരാതി നല്‍കിയത്. ഇയാളെ കേന്ദ്രീകരിച്ചും സമീപത്തെ സിസിടിവികള്‍ പരിശോധിച്ചുമാണ് മുക്കം പൊലീസിന്‍റെ അന്വേഷണം. വീട്ടുകാരെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് മോഷണത്തിന് പിന്നില്‍. താമരശ്ശേരി ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K