18 February, 2025 11:04:42 AM


'അച്ഛൻ അമ്മയെ കൊന്നു, മൃതദേഹം കെട്ടിത്തൂക്കി'; വഴിത്തിരിവായത് നാല് വയസുകാരി വരച്ച ചിത്രം



ലഖ്‌നൗ: ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ കേസില്‍ നാല് വയസുകാരി മകളുടെ ഇടപെടലില്‍ വഴിത്തിരിവ്. പഞ്ചവടി ശിവ പരിവാര്‍ കോളനിയിലെ സൊണാലി ഭുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ് മകള്‍ വരച്ച ചിത്രം നിര്‍ണായകമായത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.

യുവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് മാതാപിതാക്കളെ ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ ചെയ്യുന്നത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് സൊണാലി തൂങ്ങി മരിച്ചെന്ന് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം.

സൊണാലിയുടെ മരണ ശേഷം മകള്‍ മാതാവിന്റെ വീട്ടുകാര്‍ക്കൊപ്പമായിരുന്നു. അതിനിടെയാണ് കുട്ടി വരച്ച ചിത്രം ശ്രദ്ധയില്‍പ്പെടുന്നത്. കഴുത്തില്‍ കയറിട്ട നിലയിലുള്ള ഒരു രൂപമാണ് കുട്ടി വരച്ചത്. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് പപ്പ അമ്മയെ കൊന്നതാണെന്ന് കുട്ടി വെളിപ്പെടുത്തിയത്.

പപ്പ മമ്മിയെ തല്ലി, പിന്നെ കൊന്നു. തലയില്‍ കല്ലുകൊണ്ട് അടിച്ച് കെട്ടിത്തൂക്കി, പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പപ്പ മമ്മിയെ എപ്പോഴും ഉപദ്രവിക്കാറുണ്ട്. ഇനിയും മമ്മിയെ തല്ലിയാല്‍ പപ്പയുടെ കൈ ഒടിക്കുമെന്ന് കുട്ടി പറഞ്ഞു. തന്നെയും പിതാവ് തല്ലിയെന്നും കുട്ടി പറയുന്നു. ഇനി മിണ്ടിയാല്‍ അമ്മയെപ്പോലെ തന്നെയും ഉപദ്രവിക്കുമെന്ന് പറഞ്ഞതായും കുട്ടി പറഞ്ഞു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുന്നതിനിടെയാണ് കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K