18 February, 2025 09:36:25 AM


പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസെന്‍റിന്‍റെ വീട്ടിൽ ഇ ഡി പരിശോധന



കൊച്ചി: പകുതി വില തട്ടിപ്പ് കേസിൽ കോൺ​ഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിൻ്റെ വീട്ടിലും ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്. നേരത്തെ കേസിൽ ഇ ഡി കേസ് രജിസ്റ്റർ‌ ചെയ്തിരുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്.

നേരത്തെ ലാലിസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു. കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ ലാലി വിൻസെൻ്റ് ഏഴാം പ്രതിയായിരുന്നു. ഈ കേസിൽ ലാലി വിൻസെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ലാലി വിൻസെൻ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ലാലി വിൻസെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

അനന്തു കൃഷ്ണന്റെ സ്ഥാപനത്തിൽ നിന്ന് താൻ 40 ലക്ഷം രൂപ വക്കീൽ ഫീസായി കൈപ്പറ്റിയിരുന്നുവെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ലാലി വിൻസെന്റ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നുമായിരുന്നു ലാലി വിൻസെൻ്റ് പറഞ്ഞത്. അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിൻസെന്റ് ആണെന്ന എൻജിഒ കോൺഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദകുമാറിനെ വാദവും ലാലി തള്ളിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K