11 February, 2025 01:06:19 PM


അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16കാരനടക്കം 2 പേർ പിടിയിൽ



പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു പേര്‍ പിടിയിൽ. പിടിയിലായവരിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്.

അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16 കാരനാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ സുധീഷ് ആണ് പിടിച്ചുനിര്‍ത്തിയത്. തട്ടിക്കൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം പൊലീസ് അറിയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഇന്നലെ പിടികൂടിയത്. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി മറ്റു കൂട്ടുകാരികള്‍ക്കൊപ്പം നടന്നുവരുന്നതിനിടെ 16കാരനും എറണാകുളം സ്വദേശിയായ യുവാവും ചേര്‍ന്ന് തടഞ്ഞുവെയ്ക്കുകയായിരുന്നു.

മറ്റു കുട്ടികളെ പേടിപ്പിച്ചശേഷം അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.  എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. അടൂര്‍ ഡിവൈഎസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും യുവാവിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K