11 February, 2025 10:21:18 AM
നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; മനുവിന്‍റെ ഭാര്യയെ കാണാനില്ല, മൃതദേഹത്തിനടുത്ത് ഷാൾ

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് നൂല്‍പ്പുഴ ഉന്നതിയിലെ മനുവിന്റെ ഭാര്യയെ കാണാനില്ല. ഇന്നലെയാണ് യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. മനുവും ഭാര്യയും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
മനുവിന്റെ മൃതദേഹത്തില്‍ നിന്നും ഭാര്യയുടെ ഷാള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് രാവിലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ യുവതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
വയലില്‍ നിന്നും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും തടയാന്‍ ഫലപ്രദാമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തോട് ചേര്‍ന്ന പ്രദേശമാണിത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റതായി സംശയമുണ്ടെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.