10 February, 2025 12:38:14 PM


അർത്തുങ്കലിൽ വടിവാളുമായെത്തിയ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തു



ആലപ്പുഴ: ആലപ്പുഴ അര്‍ത്തുങ്കലിൽ മൂന്നംഗം സംഘം ബാര്‍ അടിച്ചു തകര്‍ത്തു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വടിവാളുമായി എത്തിയ മൂന്നംഗ സംഘം ബാറിലേക്ക് കയറി മദ്യക്കുപ്പികളടക്കം അടിച്ചുതകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

വിഷ്ണു എന്നയാളാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് അര്‍ത്തുങ്കലിലെ ചള്ളിയിൽ കാസ്റ്റിൽ എന്ന ബാറിൽ ഗുണ്ടാസംഘത്തിന്‍റെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗം സംഘം മാസ്ക് ധരിച്ചാണ് ബാറിലേക്ക് കയറിയത്. വടിവാളുമായി കയറിയ ഇവര്‍ ബാറിലുണ്ടായിരുന്നവരെ വടിവാള് കാണിച്ച് ഭീഷണിപ്പെടുത്തി. ബാറിലുണ്ടായിരുന്നവരും ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു.

ഇതിന് പിന്നാലെ ബാറിലെ മേശയും കസേരയും മദ്യകുപ്പികളുമെല്ലാം അടിച്ചുതകര്‍ത്തു. ബാര്‍ കൗണ്ടറിലെ മദ്യക്കുപ്പികളും തകര്‍ത്തു. ഇതിനിടയിൽ ഗുണ്ടാസംഘത്തിലെ ഒരാള്‍ ബാറിൽ നിന്ന് വിലകൂടിയ മദ്യക്കുപ്പികളും എടുത്തുകൊണ്ടുപോയി. ബാര്‍ തകര്‍ത്തശേഷം പുറത്തിറങ്ങി അവിടെയുണ്ടായിരുന്ന കൗണ്ടറും തകര്‍ത്തു. ബാറിന്‍റെ കൂറ്റൻ എല്‍ഇഡി ബോര്‍ഡ് റോഡിലേക്ക് മറിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്തിയശേഷമാണ് പ്രതികള്‍ സ്ഥലത്ത് നിന്ന് പോയത്.

കഴിഞ്ഞ ദിവസം ബാറിലെത്തി പ്രശ്നം ഉണ്ടാക്കിയവര്‍ തന്നെയാണ് ഇവരെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരാളാണ് കസ്റ്റഡിയിലായതെന്നും മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K