06 February, 2025 10:57:47 AM


മോഷണകേസില്‍ പിടികൂടുന്നതിനിടെ പ്രതി പൊലീസുകാരെ കുത്തിപരിക്കേല്‍പ്പിച്ചു



കോഴിക്കോട്: പൊലീസിനെ മോഷണക്കേസ് പ്രതി ആക്രമിച്ചു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. എടച്ചേരി ഇരിങ്ങണ്ണൂർ സ്വദേശി ചിറക്കംപുനത്തിൽ മുഹമ്മദലി (32) ആണ് പൊലീസിനെ ആക്രമിച്ചത്. നാദാപുരം എസ്ഐ എം.നൗഷാദ്, റൂറൽ എസ്‌പിയുടെ സ്ക്വാഡ് അംഗം വി.വി ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

ചുങ്കപ്പിലാവിലെ തട്ടുകടയിൽ തൊഴിലാളിയായ പ്രതി കട ഉടമയുടെ 30,000 രൂപയും ബൈക്കും മോഷ്ടിച്ച് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മോഷണം. പ്രതിയുടെ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇതിനിടെ പ്രതി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. അതേസമയം പ്രതി വീടിന്റെ ജനൽചില്ലുകൾ തകർക്കുകയും ഈ ജനൽച്ചില്ലുകൾ ഉപയോഗിച്ച്‌ ആക്രമിക്കുകയുമായിരുന്നു. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ പൊലീസ് സംഘം പ്രതിയെ ബലമായി പിടികൂടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K