06 February, 2025 08:59:36 AM
ലോകറെക്കോർഡ് തുന്നിയെടുത്ത് ഏറ്റുമാനൂർ സ്വദേശിനി ചിത്ര

കൊച്ചി: സ്നേഹം കൊരുത്തൊരു മാല പോലെ കഴുത്തിൽ ചുറ്റി വളച്ചിടാവുന്ന പിങ്ക് സ്കാർഫുകൾ. നീളൻ ക്രോഷെ ഹുക്കുകളിൽ കമ്പിളിനൂൽ കൊരുത്തു കൈകൊണ്ടു തുന്നിയെടുത്ത അവയോരോന്നും കാൻസർ പോരാളികൾക്കുള്ള സമ്മാനമായിരുന്നു. പിങ്ക് നിറമുള്ള ആ ക്രോഷെ സ്‌കാർഫുകൾ ചേർത്തുവച്ചപ്പോൾ അവയ്ക്കാകെ ഗിന്നസ് റെക്കോർഡിന്റെ വർണത്തിളക്കമായി.
ചെന്നൈ കേന്ദ്രീകരിച്ചുള്ള മദേഴ്സ‌് ഇന്ത്യ ക്രോഷെ ക്വീൻസ് (എംഐസിക്യു) എന്ന സംഘടനയാണു കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി ക്രോഷെ സ്കാർഫുകളുടെ ശേഖരമൊരുക്കിയത്. ആ ലോക റെക്കോർഡ് നേട്ടത്തിൽ പങ്കാളിയായതിൽ ഒരു മലയാളിയുമുണ്ട്. ഏറ്റുമാനൂർ സ്വദേശി ചിത്രാദേവി ശരത്. മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പരേതനായ വി.കെ.ബി. നായരുടെ മകളും ബഹ്റൈൻ ജിപിഐസി റിട്ട. എൻജിനീയർ ശരത് ജെ.നായരുടെ ഭാര്യയുമാണ്. ചെന്നൈ സ്വദേശി ശുഭ്രശ്രീ നടരാജന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ അഞ്ചാമത്തെ ഗിന്നസ് റെക്കോർഡ് നേട്ടമാണിതെന്നു ചിത്ര പറയുന്നു. വിവിധ രാജ്യങ്ങളിലായി 6000 അംഗങ്ങളുള്ള കൂട്ടായ്മ ക്രോഷെ തുന്നൽ രീതിയിൽ പുതപ്പുകൾ, ക്രിസ്മസ് അലങ്കാരങ്ങൾ, തൊപ്പികൾ, കളിപ്പാട്ടങ്ങൾ എന്നിവ തയാറാക്കി നിർധനർക്കു സമ്മാനിക്കുന്നുണ്ട്. സ്‌തനാർബുദ ബോധ = വൽക്കരണത്തിന്റെ ഭാഗമായാണ് ഇക്കുറി സ്കാർഫ് ശേഖരമൊരുക്കിയത്.