03 February, 2025 07:26:36 PM


പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ



ഏറ്റുമാനൂർ : കാരിത്താസ് ജംഗ്ഷന് സമീപമുള്ള തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് ആനിക്കൽ കൊക്കാട് വീട്ടിൽ  ജിബിൻ ജോർജ് (28) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ  ശ്യാംപ്രസാദ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11:30 മണിയോടുകൂടി  കാരിത്താസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബാറിന് മുൻപിലെ മുറുക്കാൻ കടയിലെത്തിയ ജിബിൻ ഇതിന്റെ ഉടമസ്ഥയെയും, സഹോദരനെയും   ചീത്തവിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഈ സമയത്ത് കടയിലെത്തിയ പോലീസുകാരൻ ഇത് തടയാൻ ശ്രമിച്ചതിനെ തുടർന്ന് ജിബിൻ  ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, നിലത്തു  വീണ ഉദ്യോഗസ്ഥന്റെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. ഈ സമയം കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജിയുടെ നേതൃത്വത്തിലുള്ള പെട്രോളിങ് സംഘം സ്ഥലത്തെത്തുകയും പോലീസിനെ കണ്ട് ജിബിൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടാൻ   ശ്രമിച്ചെങ്കിലും  പോലീസ് ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. നെഞ്ചിന് ഗുരുതരമായ പരിക്കേറ്റ ശ്യാം പ്രസാദിനെ ആശുപത്രിയിൽ   എത്തിച്ചെങ്കിലും പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ജിബിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഈ കേസിൽ  വിശദമായ അന്വേഷണം നടത്തിവരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K