31 January, 2025 01:13:37 PM


രണ്ടു വയസുകാരിയുടെ കൊലപാതകം: ജ്യോത്സ്യന്‍ കസ്റ്റഡിയില്‍



തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജോത്സ്യനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നു. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസന്‍ എന്നയാളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്ക് ശ്രീതുവും ഹരികുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രദീപ് കുമാര്‍ എന്നായിരുന്നു പേര്. ഇയാള്‍ മുമ്പ് പാരലല്‍ കോളജില്‍ പഠിപ്പിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹം ജ്യോത്സ്യനായി മാറുന്നത്. ശ്രീതുവിന്റെ പക്കല്‍ നിന്നും 30 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ അമ്മ ശ്രീതുവിനെതിരെ കുട്ടിയുടെ അച്ഛന്‍ ശ്രീജിത്തും മുത്തച്ഛനും മൊഴി നല്‍കി. കുട്ടിയെ കൊലപ്പെടുത്തിയതില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ശ്രീജിത്ത് ആവശ്യപ്പെട്ടത്. ശ്രീതുവിന്റെ പെരുമാറ്റങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ശ്രീജിത്തിന്റെ അച്ഛനും പൊലീസിനോട് പറഞ്ഞു. ശ്രീതുവും ശ്രീജിത്തും വര്‍ഷങ്ങളായി അകന്നു കഴിയുകയാണ്.

സാധാരണ കുട്ടികളെ കാണാനെത്തിയാല്‍ ശ്രീജിത്ത് അല്‍പ്പസമയത്തിനുശേഷം തിരികെ പോകുകയാണ് പതിവ്. കുട്ടി മരിക്കുന്നതിന് തലേദിവസമാണ് ശ്രീതുവിന്റെ അച്ഛന്‍ മരിച്ചതിന്റെ പതിനാറടിയന്തിരം നടന്നത്. ഇതില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തിയ ശ്രീജിത്ത് അന്ന് അവിടെ തങ്ങുകയായിരുന്നു എന്ന് പൊലീസിനോട് വെളിപ്പെടുത്തി. ആഹാരം കഴിക്കാന്‍ വിസമ്മതിച്ച പ്രതി ഹരികുമാര്‍ ഇപ്പോഴും ചോദ്യം ചെയ്യലില്‍ നിസഹകരണ മനോഭാവം തുടരുകയാണ്.

സംഭവത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി മരിച്ച കുട്ടിയുടെ സഹോദരിയായ ഏഴു വയസ്സുകാരി, അമ്മൂമ്മ, അച്ഛന്‍ ശ്രീജിത്ത് എന്നിവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ജ്യോത്സ്യന്റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം മഹിളാമന്ദിരത്തില്‍ കഴിയുന്ന ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. പ്രതി ഹരികുമാറിനെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്തശേഷമാകും കോടതിയില്‍ ഹാജരാക്കുക.

രണ്ടു വയസുകാരിയുടെ കൊലപാതകത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് റൂറല്‍ എസ്പി കെ എസ് സുദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയത് കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ ആണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അയാളെ അറസ്റ്റ് ചെയ്തു. പ്രതി പറഞ്ഞത് പൂര്‍ണമായും വിശ്വാസത്തിലെടുക്കാനാവില്ല. കേസില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ, വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോ, എന്തിനാണ് ഈ കൃത്യം ചെയ്തത് എന്നതിലെല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കുകയാണെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K