15 January, 2025 10:35:16 AM
മരിച്ചെന്ന് കരുതി മോർച്ചറിയിലെത്തിച്ച പവിത്രൻ ജീവിതത്തിലേക്ക് തിരികെ വരുന്നു
കണ്ണൂർ: മരിച്ചെന്നു കരുതി, സംസ്കാരത്തിന് ഒരുക്കങ്ങൾ നടത്തവെ , ജീവിതത്തിലേക്ക് മടങ്ങി വന്ന പവിത്രന്റെ ആരോഗ്യ നിലയിൽ പുരോഗതി. മിനിഞ്ഞാന്ന് രാത്രി മോർച്ചറിയിൽ സൂക്ഷിക്കാനാണ് കണ്ണൂർ വെള്ളുവക്കണ്ടി പവിത്രനെ കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചത്. എന്നാൽ മൃതദേഹം മോർച്ചറിയിലേക്കു മാറ്റുമ്പോൾ കൈ അനങ്ങിയതായി ആശുപത്രി ജീവനക്കാർക്ക് തോന്നിയതാണ് വഴിത്തിരിവായത്.
മോർച്ചറിയിൽ ഫ്രീസറടക്കം സജ്ജീകരിച്ചിരിക്കെ കണ്ട ജീവൻ്റെ തുടിപ്പിന് പിന്നാലെ പവിത്രനെ വീണ്ടും ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ നൈറ്റ് സൂപ്പർവൈസർ ആർ.ജയനും ഇലക്ട്രിഷ്യൻ അനൂപിനും തോന്നി. നാഡിമിഡിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നൽകി.
ശ്വാസരോഗത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ. അധികനാൾ ആയുസ്സില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. താങ്ങാനാകാത്ത ചികിത്സാച്ചെലവ് കൂടിയായപ്പോൾ ബന്ധുക്കൾ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. വെന്‍റിലേറ്റർ മാറ്റിയാൽ പത്ത് മിനിറ്റ് മാത്രം ആയുസ്സെന്ന് ഡോക്ടർമാർ വിധിച്ചിരുന്നു. വെന്‍റിലേറ്റർ മാറ്റി പവിത്രനുമായി ആംബുലൻസ് നാട്ടിലേക്ക് പുറപ്പെട്ടു.
വഴിമധ്യേ മിടിപ്പ് നിലച്ചെന്നും ശ്വാസമില്ലാതായെന്നും കണ്ടതോടെ പവിത്രൻ മരിച്ചെന്ന വാർത്ത നാട്ടിലേക്കെത്തി. അവിടെ സംസ്കാര സമയം വരെ തീരുമാനിച്ചു. വാർത്തയും കൊടുത്തു. പിന്നീട് കണ്ണൂർ എകെജി ആശുപത്രിയിൽ വിളിച്ച് മോർച്ചറി സൗകര്യം ഏർപ്പാടാക്കി. പുലർച്ചെ മൂന്ന് മണിയോടെ ആംബുലൻസ് കണ്ണൂർ എജെകി ആശുപത്രിയിൽ മോർച്ചറിക്ക് മുന്നിലെത്തി. നടപടികൾ പൂർത്തിയാക്കും മുമ്പ് ആളെ പുറത്തെടുത്തപ്പോഴാണ് ജീവൻ്റെ തുടിപ്പ് കണ്ടെത്തിയത്.