14 January, 2025 11:25:32 AM


വീട്ടിലെ സിസിടിവി ക്യാമറ തകർത്ത് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ



തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാന വ്യാപകമായി നിരവധി കേസുകളിലെ പ്രതിയുമായ കൊല്ലം ഉളിയനാട്  ചിറക്കര  കുളത്തൂർക്കോണം നന്ദു ഭവനത്തിൽ ബാബു (61)എന്ന തീവെട്ടി ബാബു അറസ്റ്റിൽ. ആൾതാമസമില്ലാതിരുന്ന വീട് ഡിസംബർ 31-ന് രാത്രി കുത്തിത്തുറന്ന് 12 പവൻ സ്വർണ്ണാഭരണങ്ങളും അൻപതിനായിരം രൂപയും കവർന്ന കേസിലാണ് ബാബുവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ മടവൂർ മാവിൻമൂടുള്ള ഷെരീഫ ബീവിയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി തകർത്താണ് പ്രതി മോഷണം നടത്തിയത്. തുടർന്ന് പരിസര പ്രദേശത്തെയും മറ്റും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ വച്ചാണ് പള്ളിക്കൽ പൊലീസ് റെയിൽവേ പൊലീസിന്‍റെ സഹായത്തോടെ പിടികൂടിയത്.

മൂന്ന്  പതിറ്റാണ്ട് മുൻപ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ വക്കീൽ ഗുമസ്തനായിരുന്ന ബാബു ലോ പോയിന്‍റുകൾ മനസിലാക്കി കേസ് സ്വന്തമായാണ് വാദിക്കുന്നത്. പൊലീസുകാർ ഉപദ്രവിച്ചെന്ന് ബാബു കോടതിയിൽ പരാതി പറയും. തെളിവിനായി സ്വന്തം ശരീരത്തിൽ മുറിവേൽപിക്കാനും ഇയാൾക്ക് മടിയില്ല.  ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തീവെട്ടി കാൽ ഉപയോഗിച്ചു കുത്തിത്തുറന്ന് മോഷണം നടത്തുന്ന രീതിയാണ് തീവെട്ടി ബാബു എന്ന പേരിനു പിന്നിൽ.  

പൊലീസുകാരെ വരെ ചീത്ത വിളിക്കുന്ന ബാബു മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലും പിടിയിലായിട്ടുണ്ട്. കേരളത്തിലുടനീളം നൂറുകണക്കിന് കേസുകളിൽ പ്രതിയാണ് ബാബു. ഇയാൾക്ക് പിന്തുണയുമായി കുടുംബവും ഉണ്ടെന്നതാണ് ഹൈലൈറ്റ്. പ്രതിയെ അറസ്റ്റ് ചെയ്തു പ്രതിയെ ആറ്റിങ്ങൽ മജിസ്റ്റ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K