11 January, 2025 08:51:34 AM
ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം; പിസി ജോർജിനെതിരെ കേസെടുത്തു
ഈരാറ്റുപേട്ട: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോർജിന്റെ പരാമർശം. മതസ്പർധ വളർത്തൽ കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. വിവാദമായതിന് പിന്നാലെ സോഷ്യൽ മീഡിയായിലൂടെ പി സി ജോർജ് മാപ്പ് പറഞ്ഞിരുന്നു.
ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ജോർജ് ചർച്ചയിൽ ആരോപിച്ചു.
ഇക്കാര്യങ്ങൾ ചുണ്ടിക്കാട്ടി വിഡിയോ സഹിതമാണ് ഈരാറ്റുപേട്ട മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങി സംഘടനകൾ പരാതി നൽകിയത്. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്തത്.