10 January, 2025 02:04:08 PM
'മദ്യപിച്ച് നാലു കാലില്‍ വരാന്‍ പാടില്ല; വേണമെങ്കില്‍ വീട്ടിലിരുന്ന് കുടിച്ചോളണം'- ബിനോയ് വിശ്വം
തിരുവനന്തപുരം: മദ്യപിച്ചുകൊണ്ട് ആരും പൊതുവേദിയില്‍ വരാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മദ്യപാന നിരോധനത്തില്‍ ഇളവ് വരുത്തിയ നയരേഖയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയം. കമ്യൂണിസ്റ്റുകാര്‍ മദ്യപിച്ച് നാലുകാലില്‍ ജനങ്ങളുടെ മുമ്പില്‍ വരാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ മദ്യപാന ശീലമുള്ളവരുണ്ടെങ്കില്‍ അവര്‍ വീട്ടിലിരുന്ന് കഴിക്കണം. മദ്യപിച്ച് റോഡിലിറങ്ങി ബഹളം ഉണ്ടാക്കാന്‍ പാടില്ല. അവരെ അത്തരത്തില്‍ ജനമധ്യത്തില്‍ കാണാന്‍ പാടില്ല. ഇത്തരം ചീത്ത കൂട്ടുകെട്ട് ഉണ്ടാകരുത്. പ്രമാണിമാരുടെയും കള്ളന്മാരുടെയും കയ്യില്‍ നിന്നും പണം വാങ്ങി കുടിക്കുന്ന കമ്പനിയില്‍ പെടാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കള്ളുകുടിക്കാന്‍ വേണ്ടി ഏതെങ്കിലും പണക്കാരന്റെ കമ്പനികൂടാന്‍ പാടില്ല. അവരുടെ കയ്യില്‍ നിന്നും കാശുമേടിച്ച് മദ്യപാനം പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.