08 January, 2025 09:14:35 AM


സ്ത്രീയുടെ ശരീര ഘടനയെപ്പറ്റിയുള്ള കമന്‍റും ലൈംഗികാതിക്രമം- ഹൈക്കോടതി



കൊച്ചി: സ്ത്രീയുടെ ശരീരഘടനയെപ്പറ്റി പറയുന്നതും, ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി. സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അനാവശ്യമായ വര്‍ണനകള്‍ നടത്തുന്നത് ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തനിക്കെതിരെ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ പുത്തന്‍വേലിക്കര സ്വദേശി ആര്‍ രാമചന്ദ്രന്‍ നായര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്.

സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ആലുവ പൊലീസ് 2017 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ ഹര്‍ജിയിലെ ആവശ്യം. മികച്ച ബോഡി സ്ട്രക്ചര്‍ എന്ന കമന്റില്‍ ലൈംഗികച്ചുവ ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനെ പരാതിക്കാരി ശക്തമായി എതിര്‍ത്തു.

മുന്‍പും തനിക്കെതിരേ സമാനമായ പ്രവൃത്തി ഹര്‍ജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളില്‍നിന്ന് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചു. കെഎസ്ഇബി വിജിലന്‍സ് ഓഫീസര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടും മോശമായ പെരുമാറ്റം തുടര്‍ന്നുവെന്നും പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ശരീരഘടനയെക്കുറിച്ച് പറഞ്ഞത് ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും, അതിനാല്‍ ഹര്‍ജിക്കാരനെതിരെ ചുമത്തിയ വകുപ്പുകള്‍ റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K