04 January, 2025 04:38:23 PM


യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസ്; 19 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ



കൊല്ലം: അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം പിടിയിൽ. രണ്ട് പ്രതികളെ പോണ്ടിച്ചേരിയിൽ നിന്ന് സിബിഐ ആണ് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഇന്ത്യൻ ആർമിയിലായിരുന്നു ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. സിബിഐ ഇവരെ പിടികൂടി കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി.

2006 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം അഞ്ചൽ സ്വദേശിനിയായ രഞ്ജിനിയും രണ്ട് പെൺകുഞ്ഞുങ്ങളും കൊല്ലപ്പെട്ട കേസിൽ സൈനികരായ ഇവർക്ക് പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു. അവിവാഹിതയായിരുന്നു രഞ്ജിനി. 2006 മുതൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. സൈന്യത്തിലേക്ക് ഇവർ തിരികെ പോയതുമില്ല. ഇരുവരും രാജ്യത്തിന് പുറത്തേക്ക് പോയി എന്ന രീതിയിലായിരുന്നു അന്വേഷണം. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. മറ്റൊരു വിലാസത്തിലും വ്യാജപേരുകളിലുമായാണ് ഇവർ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരായിരുന്നു. ഈ വിവാഹത്തിൽ ഇവർക്ക് കുട്ടികളുണ്ട്. ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തിവരികയായിരുന്നു ഇരുവരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K