04 January, 2025 01:08:44 PM
റിജിത്ത് വധക്കേസ്: 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
കണ്ണൂർ: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന റിജിത്തിന്റെ കൊലപാതകത്തിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആർഎസ്എസ്- ബിജെപി പ്രവർത്തകരായ പ്രതികളെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റക്കാരെന്ന് വിധിച്ചത്. ഈ മാസം ഏഴിനാണ് വിധി പറയുക.
19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികൾ ആക്രമിക്കുകയായിരുന്നു.
സൃഹുത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് റിജിത്ത് കൊലപ്പെടുന്നത്. അന്ന് വെറും 26 വയസ്സായിരുന്നു റിജിത്തിന്റെ പ്രായം. കുടെയുണ്ടായ ഡിവൈഎഫ്ഐ പ്രവർത്തകരായ കെ വി നികേഷ്, ചിറയിൽ വികാസ്, കെ വിമൽ തുടങ്ങിയവർക്ക് വെട്ടേറ്റിരുന്നു. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. ഒപ്പം 59 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. വളപട്ടണം സിഐയായിരുന്ന ടിപി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്.