02 January, 2025 01:26:08 PM


രമേശ് ചെന്നിത്തല എൻഎൻഎസിൻ്റെ പുത്രൻ; ക്ഷണിച്ചത് കോണ്‍ഗ്രസിന്‍റെ മുദ്രയിലല്ല- സുകുമാരന്‍ നായര്‍



പെരുന്ന: 11 വര്‍ഷത്തെ പിണക്കം മറന്ന് പെരുന്നയില്‍ എന്‍എസ്എസ് വേദിയിലെത്തിയ രമേശ് ചെന്നിത്തലയെ വാനോളം പുകഴ്ത്തി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പെരുന്ന മണ്ണിന്റെ സന്തതിയെന്നും എന്‍ എസ് എസിന്റെ പുത്രന്‍ എന്നുമാണ് രമേശ് ചെന്നിത്തലയെ അദ്ദേഹം വിശേഷിപ്പിച്ചത്. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അര്‍ഹനായ ആള്‍ രമേശ് ചെന്നിത്തലയാണെന്നും കോണ്‍ഗ്രസിന്റെ നേതാവെന്ന നിലയിലല്ല ചെന്നിത്തലയെ ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

എന്‍.എസ്.എസിന്റെ പരിപാടി ഉദ്ഘാടനം ചെയ്യണം എന്നു പറഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല സന്തോഷത്തോടെ തയ്യാറായെന്നും. എന്‍.എസ്.എസ് എന്ത് പറഞ്ഞാലും അനുസരിക്കാമെന്ന് ചെന്നത്തല പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ചിലര്‍ വിവാദമാക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നായരെ വിളിക്കുന്നതാണ് ചിലര്‍ക്ക് പ്രശ്‌നം. ചെന്നിത്തലയെ വിളിച്ചത് കോണ്‍ഗ്രസ് എന്ന മുദ്രയിലല്ല. എന്‍എസ്എസിന്റെ പുത്രനാണ് രമേശ് ചെന്നിത്തല. ഗണേഷ് കുമാര്‍ കമ്മ്യൂണിസ്റ്റ് ചേരിയിലാണ്. എല്ലാ നായന്‍മാര്‍ക്കും ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. കുടുംബം മറക്കരുതെന്ന് മാത്രമേ ഞങ്ങള്‍ക്ക് ആഗ്രഹമുള്ളു – അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രങ്ങളില്‍ ഉടുപ്പ് ധരിച്ച് കയറുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്ഷേത്രങ്ങളില്‍ ഉടുപ്പിട്ട് തന്നെ കയറണമെന്ന് അവരെല്ലാം കൂടി തീരുമാനിച്ചു. ഉടുപ്പിടാത്തത് നമ്പൂതിരി ആണോ എന്നറിയുന്നതിന് വേണ്ടി ആണെന്ന് ചിലര്‍ വ്യാഖ്യാനം ചെയ്തു. ഈ വ്യഖ്യാനങ്ങളൊക്കെ ഹിന്ദുവിന്റെ പുറത്ത് മാത്രമേയുള്ളോ – അദ്ദേഹം ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K