01 January, 2025 04:06:11 PM
കുടുംബവഴക്ക്; അമ്മയേയും നാല് സഹോദരിമാരെയും യുവാവ് കൊലപ്പെടുത്തി
ലഖ്‌നൗ: അമ്മയേയും നാലു സഹോദരിമാരെയും യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ താന നാകാ പ്രദേശത്തെ ഹോട്ടല്‍ ശരണ്‍ജീതിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ അര്‍ഷാദ് എന്ന 24 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് അര്‍ഷാദ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമ്മ ആസ്മ, മക്കളായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആഗ്ര കുബോര്‍പൂര്‍ ഇസ്ലാം നഗര്‍ സ്വദേശിയാണ് പിടിയിലായ അര്‍ഷാദ്. അമ്മയും സഹോദരിമാരും ഉറങ്ങിക്കിടക്കുമ്പോള്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് ഇവരുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള നിരാശയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തൊട്ടടുത്ത മുറിയില്‍ ക്രൂരകൃത്യം നടന്നതിന്റെ ഞെട്ടലിലാണ് ഹോട്ടലിലെ മറ്റു താമസക്കാര്‍. ഇവരുടെ മുറിയില്‍ നിന്നും അസ്വാഭാവികമായ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.