30 December, 2024 04:21:57 PM


ടി പി ചന്ദ്രശേഖരൻ വധക്കേസ്; കൊടി സുനിക്ക് പരോൾ



തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം.

കൊടി സുനിക്ക് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചതിലും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലും പ്രതിയാണ് കൊടി സുനി. ഇതിന്റെ പശ്ചാത്തലത്തില്‍ സാധാരണ നിലയില്‍ ലഭിക്കുന്ന പരോള്‍ അനുവദിക്കേണ്ടതിലെന്ന് ആഭ്യന്തരവകുപ്പും ജയില്‍ വകുപ്പും തീരുമാനിച്ചിരുന്നു. അതീവ സുരക്ഷാ ജയിലില്‍ സഹ തടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോടെയാണ് കൊടി സുനിയെ തവനൂരിലെ ജയിലിലേക്കു മാറ്റിയത്.

മകന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. കൊടി സുനിയുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജയില്‍ മേധാവിക്കും തവനൂര്‍ ജയില്‍ സൂപ്രണ്ടിനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K