29 December, 2024 12:40:23 PM


ഉത്ര വധക്കേസ്: വ്യാജ രേഖകൾ ഹാജരാക്കി പരോളിന് ശ്രമം; സൂരജിനെതിരെ കേസ്



തിരുവനന്തപുരം: വ്യാജ മെ‍ഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര വധക്കേസ് പ്രതി സൂരജ്. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ അധികൃതർ കണ്ടെത്തിയതോടെ പ്രതിക്കെതിരെ കേസെടുത്തു. പൂജപ്പര ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തത്. അച്ഛന് ​ഗുരുതര അസുഖമെന്ന് രേഖയുണ്ടാക്കിയാണ് പ്രതി പരോളിന് ശ്രമിച്ചത്.

അടിയന്തര പരോൾ ആവശ്യപ്പെട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ അച്ഛന് ​ഗുരുതര രോ​ഗമാണെന്ന് രേഖപ്പെടുത്തിയിരുന്നു. സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറോട് തന്നെ ജയിൽ വകുപ്പ് ഉദ്യോ​ഗസ്ഥർ കൂടുതൽ കാര്യങ്ങൾ ചോദിച്ചു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചു നൽകി. സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും അതിൽ ​ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.

രേഖ വ്യാജമാണെന്ന് വ്യക്തമായതോടെയാണ് സൂപ്രണ്ട് സൂരജിനെതിരെ പൂജപ്പര പൊലീസിൽ പരാതി നൽകിയത്. മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതിൽ ​ഗുരുതര രോ​ഗമുണ്ടെന്ന് എഴുതി ചേർത്തതായാണ് കണ്ടെത്തൽ. പുറത്തുനിന്നുള്ള ആളാണ് വ്യാജരേഖ ഉണ്ടാക്കിയതെന്നാണ് വിവരം. സൂരജിന്റെ അമ്മയായിരുന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തിൽ സൂരജിനെയും അമ്മയേയും ചോദ്യം ചെയ്യും. സൂരജിനെ സഹായിച്ചവരെയും പൊലീസ് കണ്ടെത്തും. പരോൾ ലഭിക്കാൻ വ്യാജ രേഖയുണ്ടാക്കി നൽകുന്ന സംഘമാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K