27 December, 2024 11:45:34 AM


വയനാട് ടൗൺഷിപ്പ്: സര്‍ക്കാരിന് ആശ്വാസം, എസ്റ്റേറ്റ് ഭൂമികൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി



കൊച്ചി: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇതിനെതിരെ എസ്‌റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികളിന്മേല്‍ നവംബര്‍ 26നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. ഹൈക്കോടതി നിലവില്‍ അവധിയാണ്. എന്നാല്‍ ഇന്ന് രാവിലെ അപ്രതീക്ഷിതമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ ബെഞ്ചാണ് ഹര്‍ജികളിന്മേല്‍ ഉത്തരവിട്ടത്.

ലാന്‍ഡ് അക്വിസിഷന്‍ പ്രകാരം എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ 2013ലെ ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം നഷ്ടപരിഹാരം ഉറപ്പാക്കണം. നഷ്ടപരിഹാര തുക സംബന്ധിച്ച് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് വീണ്ടും നിയമ നടപടി സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

നാളെ മുതല്‍ ആവശ്യമെങ്കില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഇതിനാവശ്യമായ സഹായം എസ്റ്റേറ്റ് എസ്റ്റേറ്റ് ഉടമകള്‍ സര്‍ക്കാരിന് ചെയ്ത് കൊടുക്കണം. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് എസ്റ്റേറ്റ് ഉടമകള്‍ തടസ്സം നില്‍ക്കരുത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്‍പായി തന്നെ നഷ്ടപരിഹാരം നല്‍കി എന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956