20 December, 2024 07:25:33 PM


ബസില്‍ മദ്യപിച്ച്‌ ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച്‌ അധ്യാപിക



പൂനെ: ബസില്‍ മദ്യപിച്ച്‌ ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച്‌ അധ്യാപിക. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഷിര്‍ദിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 

ഷിർദി സ്വദേശിനിയായ പ്രോട്ടിയ ലസ്‌കറെയ്ക്കാണ് ബസിൽ വെച്ച് മോശം അനുഭവം ഉണ്ടായത്. ഭർത്താവിനും കുട്ടിക്കുമൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ യുവാവ് നിരവധി തവണ ശല്യം ചെയ്തു. ഒടുവിൽ യുവതി ഇയാളുടെ ഷർട്ടിന്റെ കോളറിന് പിടിക്കുകയും അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത് മുഖത്ത് തുടർച്ചെ അടിക്കുകയുമായിരുന്നു.

തന്നോട് മോശം രീതിയില്‍ പെരുമാറിയ വ്യക്തിയെ കുത്തിന് പിടിച്ച്‌ അധ്യാപിക മുഖത്തടിച്ചത് 26 തവണയാണ്. മുഖത്തടിക്കുന്ന സമയത്ത് കൈകള്‍ കൂപ്പി നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. ഇടയ്ക്ക് ബസ് കണ്ടക്ടര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. മര്‍ദനമേറ്റയാളുടെ ഭാര്യ ലഷ്‌കറെയോട് മാപ്പപേക്ഷിക്കുകയും കൂടുതല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരാതി നല്‍കാതെ പരിഹരിക്കപ്പെടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. യുവതിയുടെ ധൈര്യത്തേയും കൃത്യ സമയത്തുള്ള ഇടപെടലിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീകൾക്കെതിരെ പൊതു സ്ഥലങ്ങളിൽ അതിക്രമം നടത്തുന്നവർക്കെതിരെ ഇതേ രീതിയിൽ പ്രതികരിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K