20 December, 2024 01:53:41 PM


ഷെഫീഖ് വധശ്രമക്കേസ്: അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍



തൊടുപുഴ: ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി. സംഭവത്തിൽ ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവം. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 ലേറെ മുറിവുകളാണ് ആ കുഞ്ഞു ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തിയിരുന്നത്.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.  10 വര്‍ഷമായി കേരള സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ അല്‍അസര്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണയിലാണ് ഷെഫീഖ് കഴിയുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K