19 December, 2024 11:48:35 AM
വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം; മകന്‍ കസ്റ്റഡിയില്‍
കൊച്ചി: കൊച്ചി വെണ്ണലയിൽ മരിച്ച അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ മകന്റെ ശ്രമം. വെണ്ണല സ്വദേശി 70 വയസുള്ള അല്ലി ആണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാൻ കുഴി എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.
മരണത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. വെണ്ണല സെന്‍റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ എന്ന വീട്ടിലാണ് സംഭവം. ഇന്ന് രാവിലെയാണ് 50കാരനായ പ്രദീപ് വീടിന്‍റെ മുറ്റത്ത് കുഴിയെടുത്ത് മൃതദേഹം അവിടെ കുഴിച്ചിട്ടത്. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിന് തുടര്‍ന്ന് അവരാണ് പൊലീസില്‍ വിവരമറിയിച്ചത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയത്ത് പ്രദീപ് മദ്യലഹരിയിലായിരുന്നു. അമ്മ മരിച്ചു അപ്പോള്‍ കുഴിച്ചിട്ടു എന്നായിരുന്നു പൊലീസിനോടുള്ള പ്രദീപിന്‍റെ മറുപടി.
അതേ സമയം അമ്മയുടെ മരണകാരണം എന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്താണെന്നതില്‍ വ്യക്തത വരൂ. പ്രദീപ് തികഞ്ഞ മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുുന്നു. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. പ്രദീപിന്‍റെ ഇളയ മകനും ഈവീട്ടിലാണ് താമസം.