18 December, 2024 10:12:55 AM


വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തു; യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം



മലപ്പുറം : മലപ്പുറം വലമ്പൂരില്‍ വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതിന് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. സ്‌കൂട്ടര്‍ നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. 

വാഹനം പെട്ടെന്ന് നിര്‍ത്തിയത് ശരിയല്ലെന്ന് ചോദിച്ചശേഷം താന്‍ വണ്ടിയുമായി മുന്നോട്ടുപോയി. അയാള്‍ വാഹനം വേഗത്തില്‍ കൊണ്ടു വന്ന് തടസ്സം വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. കൂട്ടാളികളെയും ഇയാള്‍ വിളിച്ചു വരുത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരികില്‍ ഷംസുദീന്‍ ചോര വാര്‍ന്ന് കിടന്നത്. വഴിയിലൂടെ വന്നവര്‍ മദ്യപിച്ച് കിടക്കുകയാണോ എന്ന നിലയിലാണ് കൈകാര്യം ചെയ്തതെന്നും ഷംസുദ്ദീന്‍ പറയുന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K