13 December, 2024 11:53:42 AM
ജഡ്ജിമാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്, സന്യാസിയെപ്പോലെ ജീവിക്കണം- സുപ്രീം കോടതി
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും, വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ജഡ്ജിമാര്‍ ഒരു സന്യാസിയെപ്പോലെ ജീവിക്കുകയും കുതിരയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയില്‍ പ്രകടനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
മധ്യപ്രദേശ് ഹൈക്കോടതി രണ്ട് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരെ പിരിച്ചുവിട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വാക്കാലുള്ള പരാമര്‍ശം നടത്തിയത്. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഫെയ്‌സ്ബുക്കില്‍ നിന്നും അകലം പാലിക്കണം. വിധിന്യായങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത്. അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ നാളെ പുറപ്പെടുവിക്കാനിരുന്ന വിധി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പുറത്തു വരുമെന്നും പറഞ്ഞു.
'ഇത് (സോഷ്യല്‍ മീഡിയ) ഒരു തുറന്ന വേദിയാണ്. നിങ്ങള്‍ ഒരു സന്യാസിയായി ജീവിക്കണം, ഒരു കുതിരയെപ്പോലെ പ്രവര്‍ത്തിക്കണം. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ വളരെയധികം ത്യാഗങ്ങള്‍ ചെയ്യേണ്ടതുണ്ട്. അവര്‍ ഫെയ്‌സ്ബുക്കില്‍ കയറരുത്'. കോടതി നിരീക്ഷിച്ചു. പുറത്താക്കപ്പെട്ട ജഡ്ജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കേസിലെ അമിക്കസ് ക്യൂറിയായ ഗൗരവ് അഗര്‍വാള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.
പ്രകടന മികവിന്റെ പേരില്‍ 2023 നവംബര്‍ 11 ന് ആറ് വനിതാ സിവില്‍ ജഡ്ജിമാരെയാണ് പിരിച്ചുവിട്ടത്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട് അവരില്‍ നാലുപേരെ - ജ്യോതി വര്‍ക്കഡെ, സുശ്രീ സോനാക്ഷി ജോഷി, സുശ്രീ പ്രിയ ശര്‍മ്മ, രചന അതുല്‍ക്കര്‍ ജോഷി - നിബന്ധനകള്‍ക്ക് വിധേയമായി സര്‍വീസില്‍ തിരികെയെടുത്തു. എന്നാല്‍ രണ്ടു ജഡ്ജിമാരെ പുറത്താക്കി. ഇതിനെതിരെയാണ് ജഡ്ജിമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.