12 December, 2024 01:09:11 PM


ദിലീപിന്‍റെ ദര്‍ശനം ഗൗരവതരം; എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്ക്?: ഹൈക്കോടതി



കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ വീണ്ടും കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ദിലീപിന് സോപാനത്ത് പ്രത്യേക പരിഗണന നല്‍കിയത് ഗൗരവതരമാണ്. എന്തു പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്ക് ഉള്ളതെന്ന് കോടതി ചോദിച്ചു. ശബരിമലയില്‍ ഏതാണ്ട് എട്ടു മിനിറ്റു നേരമാണ് ദിലീപ് ദര്‍ശനം നടത്തിയത്. ഈ സമയം മുഴുവന്‍ ദര്‍ശനത്തിനുള്ള മുന്‍നിര ബ്ലോക്ക് ചെയ്തു. ഇത് എങ്ങനെ നടന്നു. ദൃശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് കണ്ടിരുന്നുവോയെന്ന് ഹൈക്കോടതി ചോദിച്ചു.

മറ്റു ഭക്തരുടെ ദര്‍ശനം തടഞ്ഞുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ് എന്നും ദിലീപിന്റെ വിഐപി ദര്‍ശന വീഡിയോ പരിശോധിച്ചശേഷം കോടതി പറഞ്ഞു. രാത്രി 10.52 ന് സോപാനത്തെത്തിയ ദിലീപ് മിനിറ്റുകളോളം അവിടെ നിന്നു. ഹരിവരാസനം ചൊല്ലുന്ന സമയത്ത് നിരവധി ഭക്തര്‍ അവിടെ ദര്‍ശനത്തിനായി കാത്തുനില്‍പ്പുണ്ടായിരുന്നു. ഈ സമയമത്രയും മറ്റു ഭക്തരെ മുന്‍നിര ബോക്ക് ചെയ്ത് ഭക്തരെ തടയാന്‍ ആരാണ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു.

സംഭവത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നും കോടതി ആരാഞ്ഞു. വിഷയത്തില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. വിശദീകരണം നല്‍കാന്‍ പൊലീസിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല സോപാനത്ത് ഒരാള്‍ക്കും പ്രത്യേക പരിഗണന വേണ്ടെന്ന് കോടതി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡും പൊലീസും ഇക്കാര്യം ഉറപ്പു വരുത്തണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K