11 December, 2024 04:00:40 PM
ഹേമ കമ്മിറ്റി റിപ്പോർട്ട് : നിലവിലുള്ളത് 33 കേസുകളെന്ന് സർക്കാർ
കൊച്ചി: ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിലവില്‍ 33 കേസുകള്‍ നിലനില്‍ക്കുന്നതായി സർക്കാർ. ഇതില്‍ 11 എണ്ണവും ഒരു അതിജീവിതയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസുകളാണെന്നും സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പൊതു താല്‍പര്യ ഹർജികള്‍ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്ബ്യാർ, സി.എസ് സുധ എന്നിവരുടെ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനുമുന്നിലുള്ളത്. പ്രത്യേക ബെഞ്ച് ഹൈക്കോടതി നേരത്തേ രൂപവത്കരിച്ചിരുന്നു. കേസുകളിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് പ്രത്യേക അന്വേഷണസംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. നാലുകേസുകള്‍ വ്യക്തമായ തെളിവില്ലാത്തതിനാല്‍ അവസാനിപ്പിച്ച നിലയിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കേസ് പത്തൊൻപതിന് വീണ്ടും പരിഗണിക്കും. ഏറ്റവും പ്രാധാന്യമർഹിക്കുന്ന രണ്ട് ഹർജികള്‍ ഡിവിഷൻ ബെഞ്ചിനുമുന്നില്‍ വന്നവയിലുണ്ട്. ഇതിലൊരെണ്ണം ഡബ്ല്യു.സി.സി നല്‍കിയതാണ്. ചലച്ചിത്ര മേഖലയില്‍ ഇടക്കാല പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നാണ് ഈ ഹർജിയില്‍ അവർ ആവശ്യപ്പടുന്നത്. എല്ലാ പരാതിക്കാരെയും ഹേമാ കമ്മിറ്റി കേട്ടോ എന്ന കാര്യത്തില്‍ സംഘടന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. ഹേമാ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവർക്ക് ഭീഷണി സന്ദേശം വന്നു എന്നതില്‍ നോഡല്‍ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.