07 December, 2024 10:11:38 AM
ദിലീപിൻ്റെ വിഐപി ശബരിമല ദർശനം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടൻ ദിലീപിന് ശബരിമല ദർശനത്തിൽ വിഐപി പരിഗണന നൽകിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെ സ്വമേധയാ കക്ഷി ചേർക്കുന്നതിലും കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്നതിലും ഹൈക്കോടതി തീരുമാനമെടുത്തേക്കും.
ഹർജിയിൽ ദേവസ്വം ബോർഡും പൊലീസും വിശദീകരണം നൽകും. ദിലീപിന്റെ ദർശന സമയത്തെ സിസിടിവി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് ഇന്ന് ഹാജരാക്കും. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഹാജരാക്കും. അതേസമയം, നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിഷയം ചെറുതായി കാണാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ദിലീപ് വ്യാഴാഴ്ച വൈകിട്ടോടെയാണ് സന്നിധാനത്ത് എത്തിയത്. ക്യൂ ഒഴിവാക്കി ദിലീപ് പോലീസുകാർക്കൊപ്പം ദർശനത്തിന് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദർശനം നടത്താൻ സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം. ഹരിവരാസനം കീർത്തനം പൂർത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ് കോടതി. അതിന്‍റെ ഭാഗമായാണ് സന്നിധാനത്തെയും അപ്പർ തിരുമുറ്റത്തെയും സി.സി.ടി.വി. ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. എന്തെങ്കിലും ക്രമവിരുദ്ധമായി കണ്ടെത്തുന്നപക്ഷം നടപടിയുണ്ടാകും.
ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവന്‍ സമയവും ദിലീപും സംഘവും ദര്‍ശനം നടത്തി. ഈ സമയത്ത് ദര്‍ശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഭക്തരെ തടഞ്ഞു. മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ വിഐപികളുടെ ദര്‍ശനമെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അയ്യപ്പ ദര്‍ശനത്തിന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ്. എല്ലാവർക്കും വെർച്വൽ ക്യൂ വഴിയാണ് അവിടെ ദർശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങൾ നടക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്നും കൂടിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.