06 December, 2024 12:52:10 PM


വടകരയില്‍ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തി



കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ്. ഇയാൾ അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്നുവെന്നും പ്രതിയെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

അന്വേഷണം ഏറെ ദുഷ്കരമായിരുന്നു.വെള്ള കാറാണ് എന്ന തെളിവ് മാത്രമേ പൊലിസിന് ലഭ്യമായിരുന്നുള്ളൂ.നിരന്തരം നടത്തിയ അന്വേഷണത്തിലൂടെയാണ് വാഹനം കണ്ടെത്തിയത്. മതിലിൽ ഇടിച്ച കാർ ഇൻഷ്വറൻസ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്. ഇങ്ങനെയാണ് പ്രതിയിൽ എത്തിച്ചേർന്നത്. അപകടത്തിന് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് കോഴിക്കോട് റൂറൽ എസ് പി പി നിധിൻ രാജ് വ്യക്തമാക്കി.

ഫെബ്രുവരി 17 നാണ് ദേശീയ പാത വടകര ചോറോടിൽ അപകടം നടക്കുന്നത്. സംഭവത്തിൽ കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും കുട്ടിയുടെ മുത്തശ്ശി മരണപ്പെടുകയും ചെയ്തിരുന്നു. ഇരുവരെയും ഇടിച്ചുവീഴ്ത്തിയ കാർ നിർത്താതെ പോകുകയായിരുന്നു. പിന്നീട് അന്വേഷണസംഘം കാർ കണ്ടെത്താൻ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും വാഹനം കണ്ടെത്താനായിരുന്നില്ല. കേസിൽ നിരവധി പേരുടെ മൊഴികൾ എടുക്കുകയും വർക്ക് ഷോപ്പുകളിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. ഇത്രയും ഇടപെടലുകൾ നടന്നെങ്കിലും ഒമ്പത് വയസുകാരിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആറ് മാസമായി കോമയിലായ കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ സ്ഥിര താമസമാണ് കുടുംബം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K