04 December, 2024 08:38:22 PM
അയ്യപ്പഭക്തന്‍റെ ബാഗ് കീറി മോഷണം: എരുമേലിയിൽ മൂന്നുപേർ അറസ്റ്റിൽ
എരുമേലി: എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ മുരുകൻ (58) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ (03.12.2024) വെളുപ്പിനെ എരുമേലിയിലെ കൊച്ചമ്പലത്തിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടത്തുന്ന സമയം ഇവർ അന്യസംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന പതിനാലായിരത്തോളം രൂപ (14,000) മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും, എരുമേലി പോലീസും നടത്തിയ തിരിച്ചിലിൽ ഇവരെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാർ, എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ മാരായ രാജേഷ് ടി.ജി, അബ്ദുൾ അസീസ്, സി.പി.ഓ മാരായ വിനീത്, അനീഷ് കെ.എൻ, അൻസു പി.എസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.