03 December, 2024 06:13:43 AM


ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം




ആലപ്പുഴ: കളർകോട് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു അഞ്ച് എംബിബിഎസ് വിദ്യാർഥികൾക്ക് അതിദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ  എം.ബി.ബി.എസ് വിദ്യാർത്ഥികളായ മുഹമ്മദ്, ആനന്ദ്, മുഹ്സിൻ, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




7 യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. കെഎസ്‌ആർടിസി ബസിന്റെ മുൻസീറ്റിലിരുന്ന യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്. വൈറ്റിലയില്‍ നിന്ന് കായംകുളത്തേക്ക് പോയ ബസും എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ആലപ്പുഴ ദേശീയപാതയിൽ കളർകോട് ഗതാഗതക്കുരുക്കുണ്ടായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K