27 November, 2024 09:04:11 AM


നന്തൻകോട് കൂട്ടക്കൊല: പ്രതി ജിന്‍സണ്‍ നിരവധി തവണ ഡമ്മി പരീക്ഷണം നടത്തിയതായി മൊഴി



തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസില്‍ കൊലപാതകത്തിന് മുന്‍പ് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ നിരവധി തവണ ഡമ്മി പരീക്ഷണം നടത്തിയതായി മൊഴി. സൈബല്‍ സെല്‍ എസ് ഐ പ്രശാന്താണ് കേസ് പരിഗണിക്കുന്ന ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്. മാതാപിതാക്കളുടെ തന്നെ ഡമ്മി നിര്‍മിച്ചാണ് കേഡല്‍ പരീക്ഷണം നടത്തിയതെന്നും ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.


സമൂഹ മാധ്യമങ്ങളിലെ വീഡിയോ കണ്ടാണ് കേഡല്‍ മഴു ഉപയോഗിച്ച്‌ കഴുത്ത് മുറിക്കാന്‍ പഠിച്ചത്. ഇതിന് ശേഷം മാതാപിതാക്കളുടെ ഡമ്മിയില്‍ പരീക്ഷണം നടത്തി. പ്രതിയുടെ ലാപ്ടോപ്പില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയെന്നും സൈബര്‍ സെല്‍ എസ്‌ഐ മൊഴി നല്‍കി.


2017 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെയാണ് പ്രതി മഴു കൊണ്ട് കൊലപ്പെടുത്തി വീടിന് തീയിട്ടത്. വീട്ടിലെ ഒന്നാം നിലയില്‍ നിന്നാണ് നാലു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലും. ഇതുവരെ 21 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K